ലക്ഷദ്വീപില്‍ കടല്‍ക്ഷോഭം:ഉരു കാണാതായി
കവരത്തി: ലക്ഷദ്വീപിലെ അമിനി ദ്വീപിലുണ്ടായ രൂക്ഷമായ കടല്‍ക്ഷോഭത്തില്‍ ഒരു ഉരു കാണാതായി. അല്‍-അഖ്ത്തര്‍ എന്ന ഉരുവാണ് കഴിഞ്ഞ ദിവസം രാത്രി കാണാതായത്. കടല്‍ക്ഷോഭം മൂലം അമ്‌നിയില്‍ അടുക്കാന്‍ കഴിയാതെ കവരത്തിയിലേക്ക് തിരിച്ചുവിട്ടതായിരുന്നു ഉരു. നാലു ജീവനക്കാരാണ് ഇതിലുള്ളത്. ഉരു കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. മഴയിലും കടല്‍ക്ഷോഭത്തിലും മിനിക്കോയ്,കല്‍പേനി തീരത്ത് കിടന്നിരുന്ന ബോട്ടുകളില്‍ പലതും തകര്‍ന്നു. കടല്‍ക്ഷോഭത്തില്‍ കില്‍ത്താന്‍ ദ്വീപിന്റെ കിഴക്കു ഭാഗത്തെ ബീച്ച് റോഡ് പൂര്‍ണ്ണമായും ഒലിച്ചുപോയി. കല്‍പേനിയിലെ ബ്രേക്ക് വാട്ടറും ഹെലിപ്പാഡും തകര്‍ന്നിട്ടുണ്ട്. രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും കനത്ത നാശനഷ്ടമുണ്ടായി. ജനങ്ങളെ സമീപത്തെ സ്‌കൂളുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു. 10 ദ്വീപുകളിലേയും എല്ലാ സ്‌കൂളുകളിലേയും വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് കൊണ്ട് കവരത്തിയില്‍ സംഘടിപ്പിച്ച യു.ടി ലെവല്‍ കലോത്സവം പ്രകൃതിക്ഷോഭത്തെത്തുടര്‍ന്ന് മാറ്റിവെച്ചിട്ടുണ്ട്. കപ്പല്‍ സര്‍വീസ് നിര്‍ത്തിവെച്ചതിനാല്‍ പല ദ്വീപുകളില്‍ നിന്നും കുട്ടികള്‍ക്ക് കവരത്തിയില്‍ എത്തിച്ചേരാന്‍ ഇതുവരെ സാധിച്ചിട്ടില്ല... 1500 ഓളം വിദ്യാര്‍ത്ഥികളാണ് കലോത്സവത്തില്‍ പങ്കെടുക്കുന്നത്.