1978 നവംബര്‍ 1 മുതല്‍ ജോലിയില്‍ പ്രവേശിച്ച മുതിര്‍ന്ന സ്ത്രീകള്‍ വരെ ഇവരുടെ സംഘത്തിലുണ്ട്. ഇവരെല്ലാം തന്നെ ലക്ഷദ്വീപ് ഭരണകൂടത്തിന്‍റെ സ്പോണ്‍സര്‍ഷിപ്പോടു കൂടി തിരുവനന്തപുരത്തെ തൈക്കാടില്‍ കേരളാ സ്റ്റേറ്റ് കൌണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫയറില്‍ നിന്നും ട്രൈനിങ്ങ് ലഭിച്ചവരാണ്. തുടക്കത്തില്‍ ഹൊണറേറിയമായി 125 രൂപയും അടുത്തകാലത്തായി അത് 3000 ആയി ഉയര്‍ത്തുകയും ചെയ്തിരുന്നു. വിദ്യാഭ്യാസ വകുപ്പ് നല്‍കുന്ന 800 രൂപയും ചേര്‍ത്ത് ഒരു അങ്കണ്‍വാടി ടീച്ചര്‍ക്ക് 3800 രൂപയും ഹെല്‍പ്പര്‍ക്ക് 1500 രൂപയുമാണ് മാസം ലഭിക്കുന്നത്. ഈ നിസാര തുക കൊണ്ട് ജീവിതത്തിന്‍റെ രണ്ടറ്റം മുട്ടിക്കാന്‍ പാടുപെടുന്ന ജീവനക്കാര്‍ പലകുറി മുകളിലോട്ട് ഹരജികളയച്ചതല്ലാതെ താഴോട്ട് കനിവിന്‍റെ ഹസ്തമാരും നീട്ടിയില്ല. കൂടാതെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ ഉത്തരവ് "F.No. 36/88/99-EEL Dated 1st December 2011" പ്രകാരം ഒരു ലേബറിന് ദിവസം നല്‍കേണ്ടത് 200 രൂപ മുതല്‍ 275 രൂപ വരെയാണ്. അങ്ങനെയെങ്കില്‍ മാസം 6000 മുതല്‍ 8250 രൂപ വരെ അവര്‍ക്ക് ലഭിക്കണം. ഈ ഉത്തരവ് പോലും ബന്ധപ്പെട്ടവര്‍ കണ്ടില്ലെന്ന് നടിച്ചതോട് കൂടിയാണ് ഇവര്‍ കൊച്ചിയിലുള്ള ലേബര്‍ കമ്മീഷന് വിഷമങ്ങള്‍ ചൂണ്ടിക്കാട്ടി അപേക്ഷ സമര്‍പ്പിച്ചത്.
ഇതേ രീതിയില്‍ വിഷമം അനുഭവിച്ച പുതുച്ചേരി(പൊണ്ടിച്ചേരി) അങ്കണ്‍വാടി ജീവനക്കാര്‍ക്ക് അനുകൂലമായി പുതുച്ചേരി ഭരണകൂടം 508 പുതിയ തസ്തികകള്‍ സൃഷ്ടിച്ച് അവരെ പുനരധിവസിപ്പിച്ച പോലെ തങ്ങളെ റെഗുലറൈസ് ചെയ്യുവാനും "C" കാറ്റഗറിയില്‍ വേതനം നല്‍കുവാനും ജീവനക്കാര്‍ അപേക്ഷയില്‍ ആവശ്യപ്പെടുന്നു.
അപേക്ഷയുടെ കോപ്പി ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍, സ്ത്രീ-ശിശു ക്ഷേമ മേധാവി, ST കമ്മീഷന്‍ ഡല്‍ഹി, Deputy Collector തുടങ്ങിയവര്‍ക്കും അയക്കാന്‍ തയ്യാറെടുക്കുകയാണ് ഇവര്‍.
കടപ്പാട് : islandxprss ന്യൂസ്