Wednesday, March 7, 2012

രാഹുലിന്റെ 'യു.പി. ഹോളിഡേ'പാളി
ന്യൂഡല്‍ഹി: 'റോമന്‍ ഹോളിഡേ'എന്ന ഹോളിവുഡ് ചിത്രത്തില്‍, ഓഡ്‌റി ഹെപ്‌ബേണ്‍ അവതരിപ്പിക്കുന്ന ഒരു കഥാപാത്രമുണ്ട്-സാധാരണക്കാരിയുടെ ജീവിതം അറിയാന്‍ കൊട്ടാരത്തില്‍ നിന്ന് തെരുവിലേക്ക് ഒളിച്ചോടുന്ന ഒരു രാജകുമാരിയുടേത്.

രാഹുല്‍ ഗാന്ധിയുടെ 'യു.പി.ഹോളിഡേ' ഒരുപക്ഷേ, ഓര്‍മിപ്പിക്കുന്നത് ഇതാകും. ഡല്‍ഹിയിലേക്കുള്ള വഴി യു.പി.യിലൂടെയാണെന്ന ചൊല്ലുതന്നെയാകണം രാഹുലിനെ സാഹസത്തിന് പ്രേരിപ്പിച്ചത്. നെഹ്രുകുടുംബത്തിലെ അടുത്ത നായകനല്ല എന്ന് വിമര്‍ശകരെ ബോധ്യപ്പെടുത്താന്‍, അദ്ദേഹം കഴിഞ്ഞ എട്ടുകൊല്ലമായി ശ്രമിക്കുകയാണ്. എന്നാല്‍, ദളിതരുടെ ഒപ്പം ഉണ്ടും ഉറങ്ങിയും രാഷ്ട്രീയത്തിന്റെ താണതരം പയറ്റുകള്‍ പോലും പരീക്ഷിച്ചും രാഹുല്‍ നടത്തിയശ്രമം വിജയം കണ്ടില്ല. 2014-ല്‍ കോണ്‍ഗ്രസ്സിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി രാഹുല്‍ ആകുമെന്ന് വിശ്വസിക്കാനും വിശ്വസിപ്പിക്കാനും പുറപ്പെട്ട പാര്‍ട്ടിയിലെ സ്തുതിപാഠകര്‍ക്ക് ഇനി നാവിന് ഇടവേള നല്‍കാം.

2011 മെയിലാണ് വാസ്തവത്തില്‍ രാഹുല്‍ യു.പി. തിരഞ്ഞെടുപ്പു തന്നെ ലാക്കാക്കി ഇറങ്ങിപ്പുറപ്പെട്ടത്. അതിനുമുമ്പ് ഒരിക്കല്‍ വിദര്‍ഭയിലെ ദരിദ്ര കര്‍ഷകസ്ത്രീയായ കലാവതിയെക്കുറിച്ച് പാര്‍ലമെന്റില്‍ പരാമര്‍ശിച്ചും കുറച്ചുനാള്‍ ബ്രിട്ടീഷ് വിദേശ സെക്രട്ടറി മിലിബാന്‍ഡിനൊപ്പം ദളിത് കുടുംബത്തിന്റെ ആതിഥ്യം സ്വീകരിച്ചും മറ്റും ചില കൗതുകങ്ങള്‍ അദ്ദേഹം സൃഷ്ടിക്കാതിരുന്നില്ല. എന്നാല്‍, 'യു.പി.പിടിക്കാനുള്ള' യുദ്ധം രാഹുല്‍ തുടങ്ങിയത് കഴിഞ്ഞകൊല്ലം മെയില്‍, യു.പി.യിലെ ഭട്ട, പര്‍സോള്‍ ഗ്രാമങ്ങളിലാണ്. കര്‍ഷകരില്‍ നിന്ന് യു.പി.സര്‍ക്കാര്‍ ഭൂമി ബലം പ്രയോഗിച്ച് ഏറ്റെടുക്കുന്നതിനെതിരെ തിരിഞ്ഞുകൊണ്ടായിരുന്നു പടപ്പുറപ്പാട്. എന്നാല്‍, ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ചു പുതിയനിയമം കേന്ദ്രം കൊണ്ടുവരുമെന്ന രാഹുലിന്റെ വാഗ്ദാനം നടന്നില്ല. അത് നടുക്കാതെ പോയതിന് കാരണം അദ്ദേഹത്തിന് വോട്ടര്‍മാരെ ബോധ്യപ്പെടുത്താനുമായില്ല. ഭട്ടയിലും പര്‍സോളിലും രാഹുലിനെ ആദ്യം പിന്തുണച്ചവര്‍ പിന്നീട് കൂറുമാറിയത് തിരഞ്ഞെടുപ്പിനു മുമ്പു തന്നെ വ്യക്തമായിരുന്നു.


പ്രചാരണവേളയില്‍ അതത് പ്രദേശങ്ങളുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരിക, ജനങ്ങളുമായി വര്‍ത്തമാനം പറഞ്ഞ് അവരുടെയിടയിലേക്കിറങ്ങുക, ബി.എസ്.പി.യെ കള്ളന്‍മാരുടെ പാര്‍ട്ടി എന്നും സമാജ് വാദി പാര്‍ട്ടിയെ ഗൂണ്ടകളുടെ പാര്‍ട്ടി എന്നും വിളിക്കുക തുടങ്ങിയ രീതികളിലേക്ക് രാഹുല്‍ 'വളര്‍ന്നി'രുന്നു.


എന്നാല്‍, പ്രയോജനമൊന്നുമുണ്ടായില്ല. ആകെ കോണ്‍ഗ്രസിനുണ്ടായത് നാലു സീറ്റിന്റെ വളര്‍ച്ച മാത്രം. കോണ്‍ഗ്രസ് പാര്‍ട്ടിയോടുള്ള സാധാരണ യു.പി.ക്കാരന്റെ വെറുപ്പും കേന്ദ്രത്തിലെ അധികാരത്തിന്റെ ചങ്ങലയും രാഹുല്‍ ഗാന്ധിക്ക് പൊക്കാനാവാത്ത ഭാരമായിരുന്നിരിക്കാം