Wednesday, March 7, 2012

കോണ്‍ഗ്രസ്സിന് തിരിച്ചടി

> പഞ്ചാബില്‍ അകാലിദള്‍ ചരിത്രം തിരുത്തി
> ഗോവ ബി.ജെ.പി.ക്ക്
> ഉത്തരാഖണ്ഡില്‍ തൂക്കുസഭ, കോണ്‍ഗ്രസ് വലിയ കക്ഷി
> മണിപ്പുര്‍ കോണ്‍ഗ്രസ്സിന്


ന്യൂഡല്‍ഹി: അടുത്ത പൊതുതിരഞ്ഞെടുപ്പിന്റെ ഡ്രസ്‌റിഹേഴ്‌സലെന്ന വിശേഷണവുമായി അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാതിരഞ്ഞെടുപ്പില്‍ കേന്ദ്രസര്‍ക്കാറിനെ നയിക്കുന്ന കോണ്‍ഗ്രസ്സിന് കനത്ത തിരിച്ചടി.
നിര്‍ണായകമായ ഉത്തര്‍പ്രദേശില്‍ മുലായംസിങ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി. പഞ്ചാബില്‍ ഭരണവിരുദ്ധതരംഗത്തെ മറികടന്ന് അകാലിദള്‍-ബി.ജെ.പി. സഖ്യം വീണ്ടും അധികാരത്തിലേറി. ഗോവയിലും വ്യക്തമായ ഭൂരിപക്ഷം നേടിയത് ബി.ജെ.പി.ക്ക് നേട്ടമായി. ഉത്തരാഖണ്ഡില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചില്ല. കോണ്‍ഗ്രസ്സിന് ആശ്വസിക്കാന്‍ മണിപ്പുര്‍ എന്ന ചെറുസംസ്ഥാനത്തെ വിജയം മാത്രം.

ഉത്തര്‍പ്രദേശില്‍ നൂറില്‍പ്പരം സീറ്റുകള്‍ ലഭിക്കുമെന്നും പഞ്ചാബിലും ഉത്തരാഖണ്ഡിലും ഭരണം തിരിച്ചുപിടിക്കുമെന്നും പ്രതീക്ഷിച്ചിരുന്നിടത്താണ് കോണ്‍ഗ്രസ് കനത്ത പരാജയം ഏറ്റുവാങ്ങിയത്. യു.പി.യില്‍ അവര്‍ നാലാംസ്ഥാനത്തേക്കൊതുങ്ങി. സംസ്ഥാനത്തെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏല്‍ക്കുന്നതായി എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി മായാവതി ചൊവ്വാഴ്ച വൈകിട്ട് ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കി. പുതിയ നേതാവിനെ തിരഞ്ഞെടുക്കാന്‍ സമാജ്‌വാദി പാര്‍ട്ടി നിയമസഭാകക്ഷി ബുധനാഴ്ച ലഖ്‌നൗവില്‍ യോഗം ചേരും. വിജയത്തിന് പിന്നില്‍ അഖിലേഷിന്റെ പ്രവര്‍ത്തനമാണെന്ന് മുലായം സിങ് പ്രതികരിച്ചു.

ഉത്തര്‍പ്രദേശില്‍ മായാവതി സര്‍ക്കാറിന്റെ അവസാനംകുറിച്ചാണ് സമാജ്‌വാദിപാര്‍ട്ടിയും മുലായം സിങ് യാദവും അധികാരത്തിലേറുന്നത്. 403 അംഗ നിയമസഭയില്‍ 224 സീറ്റുകള്‍ അവര്‍ സ്വന്തമാക്കി. ബി.എസ്.പി.ക്ക് 80 സീറ്റു ലഭിച്ചപ്പോള്‍, 47 സീറ്റുമായി ബി.ജെ.പി.സഖ്യം മൂന്നാം സ്ഥാനത്തെത്തി. 2007-ല്‍ 22 സീറ്റു ലഭിച്ച കോണ്‍ഗ്രസ്സിന് രാഹുല്‍ഗാന്ധി അഴിച്ചുവിട്ട പ്രചാരണ കൊടുങ്കാറ്റിനൊടുവില്‍ ലഭിച്ചത് 28 സീറ്റ്. അജിത്‌സിങ്ങിന്റെ രാഷ്ട്രീയ ലോക്ദളിന് 9 സീറ്റു കിട്ടി. കോണ്‍ഗ്രസ്-ആര്‍.എല്‍.ഡി. സഖ്യത്തിന്റെ ആകെ സമ്പാദ്യം 37 സീറ്റാണ്.

2009-ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിലെ 95 നിയമസഭാ മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് ലീഡു ചെയ്തത്. ഗാന്ധി കുടുംബത്തിന്റെ തട്ടകമായ അമേഠി, റായ്ബറേലി മേഖലയില്‍പ്പോലും ഇക്കുറി കോണ്‍ഗ്രസ്സിന് തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നു. പ്രിയങ്കാഗാന്ധിയാണ് ഈ മേഖലയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 206 സീറ്റ് ലഭിച്ച് അധികാരത്തിലേറിയ മായാവതിയുടെ ബി.എസ്.പി.ക്ക് 79 സീറ്റു കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

ഭരിക്കുന്ന കക്ഷിക്ക് തുടര്‍ച്ചയായി അവസരം നല്‍കാത്ത പഞ്ചാബിന്റെ ചരിത്രമാണ് അകാലിദള്‍-ബി.ജെ.പി. സഖ്യം തിരുത്തിയത്. കോണ്‍ഗ്രസ്സിന് മേല്‍ക്കൈയെന്ന പ്രവചനങ്ങളെ മറികടന്നാണ് പ്രകാശ്‌സിങ് ബാദല്‍ വീണ്ടും മുഖ്യമന്ത്രിയാകുന്നത്. ആകെയുള്ള 117 സീറ്റില്‍ 68 സീറ്റാണ് അകാലിദള്‍-ബി.ജെ.പി. സഖ്യം നേടിയത്. കോണ്‍ഗ്രസ് 46 സീറ്റില്‍ ഒതുങ്ങി. മൂന്നു സ്വതന്ത്രരും ജയിച്ചു.

ഉത്തരാഖണ്ഡില്‍ ഭരണവിരുദ്ധതരംഗം നേരിടുന്നതിന് അവസാന ആറുമാസം മുഖ്യമന്ത്രിയെ മാറ്റി ബി.ജെ.പി. ഭാഗ്യപരീക്ഷണത്തിന് ഇറങ്ങുകയായിരുന്നു. എന്നാല്‍, മുഖ്യമന്ത്രി ബി.സി. ഖണ്ഡൂരി പൗരി മണ്ഡലത്തില്‍ പരാജയപ്പെട്ടത് പാര്‍ട്ടിക്ക് തിരിച്ചടിയായി. ആകെയുള്ള 70 സീറ്റില്‍ 33 സീറ്റ് കോണ്‍ഗ്രസ്സിനും 31 സീറ്റ് ബി.ജെ.പി.ക്കും ലഭിച്ചപ്പോള്‍, ബി.എസ്.പി.ക്ക് മൂന്നും ഉത്തരാഖണ്ഡ് ക്രാന്തിദള്‍ പാര്‍ട്ടിക്ക് (യു.കെ.ഡി.) ഒരു സീറ്റും കോണ്‍ഗ്രസ് വിമതര്‍ക്ക് മൂന്നു സീറ്റും ലഭിച്ചു. യു.കെ.ഡി.യുടെയും സ്വതന്ത്രരുടെയും മറ്റും സഹായത്തോടെ അധികാരത്തിലേറാനുള്ള ശ്രമമാണ് ബി.ജെ.പി. നടത്തുന്നത്. വിമതരെ കൂട്ടുപിടിച്ച് സര്‍ക്കാറുണ്ടാക്കാനുള്ള ശ്രമം കോണ്‍ഗ്രസ്സും തുടങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രിയായിരുന്ന രമേശ് പൊക്രിയാല്‍ നിശാങ്കിനെ മാറ്റിയാണ്, ബി.സി. ഖണ്ഡൂരിയെ ബി.ജെ.പി. മുഖ്യമന്ത്രിയാക്കിയത്.

അധികാരം നിലനിര്‍ത്തുമെന്ന് കരുതിയ ഗോവയില്‍ കോണ്‍ഗ്രസ് സഖ്യം ഒമ്പത് സീറ്റിലേക്ക് ചുരുങ്ങിയപ്പോള്‍, 24 സീറ്റുമായാണ് ബി.ജെ.പി.-മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടി സഖ്യത്തെ നയിച്ച മനോഹര്‍ പരീക്കര്‍ അധികാരം പിടിച്ചെടുത്തത്. കോണ്‍ഗ്രസ്സിന്റെ മുന്‍ മുഖ്യമന്ത്രി ചര്‍ച്ചില്‍ അലിമാവോ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പരാജയപ്പെട്ടിട്ടുണ്ട്. അതേസമയം, മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത് വിജയിച്ചു.

മണിപ്പുരില്‍ മാത്രമാണ് കോണ്‍ഗ്രസ്സിന് നേട്ടമുണ്ടായത്. കോണ്‍ഗ്രസ് സഖ്യത്തിന് 43 സീറ്റും തൃണമൂല്‍ കോണ്‍ഗ്രസ്സിന് ആറും നാഗാ പീപ്പിള്‍സ് ഫ്രണ്ടിനും മറ്റുള്ളവര്‍ക്കും നാലു സീറ്റുകള്‍ വീതവും ലഭി
ച്ചു