Thursday, March 29, 2012

ബേപ്പൂരില്‍ നിന്നും ആന്ത്രോത്തിലേക്ക്‌ പുറപ്പെട്ട ഉരു മുങ്ങി - 6 തൊഴിലാളികള്‍ രക്ഷപ്പെട്ടു:


 കണ്ണൂര്‍ (23/03/2012): ബേപ്പൂരില്‍ നിന്നും ലക്ഷദ്വീപിലെ ആന്ത്രോത്തിലേക്ക്‌ നിര്‍മ്മാണ സാമഗ്രികളുമായി പുറപ്പെട്ട ഉരു മുങ്ങിയതായി റിപ്പോര്‍ട്ട്‌. ഉരുവിലുണ്ടായിരുന്ന 6 ഗുജറാത്ത്‌ സ്വദേശികളെ മത്സ്യബന്ധന ബോട്ട്‌ രക്ഷപ്പെടുത്തി. ക്യാപ്റ്റന്‍ സലീം, ആസിഫ്‌ ഹമീദ്‌,  ഇഖ്‌ബാല്‍,  അഹമദ്‌, അംഗദ്‌, ഉമര്‍ എന്നിവരാണ്‌ ഉരുവിലുണ്ടായിരുന്ന തൊഴിലാളികള്‍. ഈ മാസം 19ന്‌ ബേപ്പൂരില്‍ നിന്നും പുറപ്പെട്ട "അണ്ണാസാഗര്‍" എന്ന ഉരു 20ന്‌ രാവിലെ കരയില്‍ നിന്നും 75 കിലോമീറ്റര്‍ അകലെ കടലില്‍ മുങ്ങുകയായിരുന്നുവെന്ന്‌ രക്ഷപ്പെട്ടവര്‍ പറഞ്ഞു.
ഉരുവിലുണ്ടായിരുന്ന ഫൈബര്‍ തോണിയില്‍ രക്ഷപ്പെടാന്‍ സാധിച്ചെങ്കിലും ഇതിന്‌ എന്‍ജിന്‍ ഇല്ലാത്തതിനാല്‍ കടലില്‍ ഒറ്റപ്പെടുകയായിരുന്നു. മൂന്നു ദിവസം കടലില്‍ ഒഴുകി നടന്ന ഇവരെ മത്യ തൊഴിലാളികളാണ്‌ രക്ഷപ്പെടുത്തിയത്‌. ഇന്നലെ കണ്ണൂരിലെ "ആയിക്കര കടപ്പുറ"ത്തെത്തിയ ഇവരെ കണൂര്‍ സിറ്റി പോലീസ്‌ സ്റ്റേഷനില്‍ ഹാജരായി.
എന്നാല്‍ ഉരു മുങ്ങിയതില്‍ ദുരൂഹതയുള്ളതായി ഉരുവിന്‍റെ ഉടമ മഞ്ചേശ്വരം ഉപ്പള സ്വദേശി മുഹമ്മദ്‌ കുഞ്ഞി ആരോപിച്ചു. തൊഴിലാളികളുടെ ഉത്തരങ്ങളില്‍ വൈരുദ്ധ്യം ഉണ്ടെന്ന്‌ മുഹമ്മ്മദ്‌ കുഞ്ഞി പറഞ്ഞു. ഇവരെ രക്ഷപ്പെടുത്തി എന്ന്‌ പറയുന്ന മത്സ്യ ബന്ധന ബോട്ടിന്‍റെ നമ്പറും മറ്റും കൈയ്യില്‍ ഉണ്ടെന്ന്‌ ഇവര്‍ നേരത്തെ പറഞ്ഞെങ്കിലും പിന്നീട്‌ നഷ്ടപ്പെട്ടതായി ഇവര്‍ പറഞ്ഞത്രെ. ആന്ത്രോത്തില്‍ എത്തേണ്ട സമയത്തും എത്താത്തതിനേ തുടര്‍ന്ന്‌ നേവി തെരെച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ ഉരു മുങ്ങിയ ലക്ഷണമൊന്നും നേവിക്ക്‌ കണ്ടെത്താനായില്ല എന്ന്‌ മുഹമ്മദ്‌ കുഞ്ഞി ആരോപിച്ചു. തൊഴിലാളികളെ വിശദമായ ചോദ്യം ചെയ്യലിന്‌ ബേപ്പൂരില്‍ എത്തിച്ചിട്ടുണ്ട്‌. ഉരുവില്‍ 40 ലക്ഷം രൂപ വിലമതിക്കുന്ന സാമഗ്രികളാണ്‌ ഉണ്ടായിരുന്നത്‌.
(കടപ്പാട് ഐലന്‍റ് എക്സ്സ്പ്രസ്സ് )